Pages

Sunday, August 11, 2019

ഭിക്ഷ കൊടുക്കുമ്പോൾ നിങ്ങൾക്ക് സ്വയം വലിയവനാണെന്നൊരു സാറ്റിസ്ഫാക്ഷൻ തോന്നാറുണ്ടോ. അത്തരം സാറ്റിസ്ഫാക്ഷൻ ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നിങ്ങൾ നേരിട്ട് പോയി കൊടുക്കണം. നിങ്ങളുടെ കയ്യിൽ നിന്ന് ബിസ്കറ്റും പണവും ഉടുതുണിയും വാങ്ങാൻ കാത്തു നിൽക്കുന്ന ആളുകളുടെ മുൻപിൽനിങ്ങൾക്കൊരു ദാനമതിയായ രാജാവിനെപ്പോലെ തല ഉയർത്തി നടക്കാം. പക്ഷെ ഒന്നോർക്കുക. നിങ്ങളുടെ മുൻപിൽ കൈ നീട്ടിയേക്കാവുന്ന ഈ ലക്ഷക്കണക്കിന് ജനങ്ങളും ഇന്നലെ ഉരുൾ പൊട്ടി അവരുടെ "ജീവിതം" ഒലിച്ചു പോകുന്നവരെ നിങ്ങളെപ്പോലെയോ നിങ്ങളെക്കാളുമോ നല്ല ജീവിത സാഹചര്യത്തിൽ കഴിഞ്ഞവരായിരുന്നു. എല്ലാം മാറിയ ആ ഒരു നിമിഷത്തിന്റെ വ്യത്യാസമേ നിങ്ങളും അവരും തമ്മിലുള്ളു. ഇനിയും സൂര്യനുദിക്കും.. എല്ലാവരുടേയും നമ്പർ വരും. അന്ന് ചിലപ്പോൾ റോളുകൾ മാറും. അതുകൊണ്ട് വീണ്ടും പറയുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണിൽ കാണുന്ന ആ നന്ദിയുള്ള നോട്ടം അല്ല ഗതികേടിന്റെ നോട്ടം ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ "നേരിട്ട് ചെല്ലുക".
ഗവണ്മെന്റിൽ നിന്ന് ഒരാൾക്ക് കിട്ടുന്ന സഹായം അയാളുടെ അവകാശമാണ്. വ്യക്തിയിൽ നിന്ന് ലഭിക്കുന്നത് ദാനമാണ്. ആത്മാഭിമാനമുള്ള മനുഷ്യരാരും ദാനം വാങ്ങാൻ ആഗ്രഹിക്കുന്നില്ല. ലക്ഷക്കണക്കിന് ദാനങ്ങളെ അത് സ്വീകരിക്കുന്നവന്റെ അവകാശമാക്കി മാറ്റുകയാണ് CMDRF (https://donation.cmdrf.kerala.gov.in/) പോലുള്ള ഫണ്ടുകൾ ചെയ്യുന്നത്. സംഭാവനയായി നൽകുന്ന പണം CMDRF ഇൽ എത്തുന്നതോടെ അവകാശമായി മാറുന്നു. അത് സ്വീകരിക്കുന്നയാൾക്ക് പിന്നീടൊരിക്കലും ഒരു വ്യക്തിയോട് ആജീവനാന്തകാലം നന്ദിയുള്ളവനായി കഴിയേണ്ടി വരുന്നില്ല. അവന്റെ നന്ദി സമൂഹത്തോടായിരിക്കും. അങ്ങനെ ആയിരിക്കണം.
ദയവായി നിങ്ങളുടെ സംഭാവനകൾ നേരിട്ട് സർക്കാറിലൂടെ സമൂഹത്തിന് നൽകുക.. സാമൂഹ്യ സുരക്ഷയുടെ ഭാഗമാകുക.
https://donation.cmdrf.kerala.gov.in/