Pages

Sunday, June 11, 2017

"ഗന്ധവും കേഴ്വിയും മാത്രമാണ്........... ശാശ്വതമായ സത്യങ്ങൾ"
"കാഴ്ചയെക്കുറിച്ചുള്ള അറിവുകൾ വെറും കെട്ടു കഥകളാണ്............ അവയ്ക്ക് കാതു കൊടുക്കാതെ ഇരിക്കുക."
"ഇലാമാപ്പഴത്തിന്റെ ചാറു കൊടുത്തില്ലെങ്കിൽ പിറക്കുന്ന കുട്ടിക്ക്, ഉയിരു വയ്ക്കില്ല."
"അദ്ഭുത സിദ്ധിയുള്ള, ഈ പഴമാണ് ഞങ്ങളുടെ ജീവന്റെ രഹസ്യം."
രാജീവ് അഞ്ചൽ സം വിധാനം ചെയ്ത ചിത്രത്തിലെ ഗുരു (1997) എന്ന ചിത്രത്തിലെ രമണകൻ (മധുപാൽ ) രഘുരാമനോട് (മോഹൻലാൽ) നടത്തുന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ആണിത്.
ഗന്ധവും കേഴ്വിയും മാത്രമാണ് സത്യങ്ങൾ, കാഴ്ച എന്നാൽ കെട്ടുകഥയെന്നു വിശ്വസിക്കുന്ന ഒരു സമൂഹം.
അന്ധന്മാരുടെ നാട്ടിൽ കാഴ്ച്ച എന്താണെന്ന് വിശദമാക്കാൻ രഘുരാമൻ നടത്തുന്ന ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല.
ജനിച്ചു വീണാലുടനെ ശിശുക്കളുടെ വായിൽ ഇലാമാപ്പഴത്തിന്റെ ചാറ് പിഴിഞ്ഞ് ഒഴിക്കുന്നു. അതിന്റെ കുരു വിഷമാണെന്ന് പറഞ്ഞു ദൂരേയ്ക്ക് വലിച്ചെറിയുന്നു.
രമണകൻ രഘുരാമനോട് ഇലാമപ്പഴം രുചിച്ചു നോക്കാൻ പറയുന്നു.
കഴിക്കും തോറും, വീണ്ടും കഴിക്കാൻ തോന്നുന്ന ഇലാമാപ്പഴം രഘുരാമൻ വേണ്ടുവോളം കഴിച്ചു.
അതോടെ രഘുരാമന്റെ കാഴ്ച ശക്തി പൂർണ്ണമായും നശിക്കുന്നു.
ഇലാമാപ്പഴം കഴിക്കുന്നതാണ് അന്ധതയുടെ കാരണം എന്ന് രഘുരാമൻ ജനങ്ങളോട് വിളിച്ചു പറയുന്നു.
ഒരു ജനതയെ മുഴുവൻ ഇല്ലാത്ത 'കാഴ്ച' യെ പറ്റി തെറ്റിദ്ധരിപ്പിക്കുന്ന സാത്താന്റെ സന്തതിയായ രഘുരാമനെ രാജാവ് വധ ശിക്ഷയ്ക്ക് വിധിയ്ക്കുന്നു.
മാരകവിഷമെന്ന് കരുതുന്ന, ഇലാമാപ്പഴത്തിന്റെ കുരു അരച്ചു തീറ്റിച്ചു വധിക്കാനാണ് കൽപ്പന.
ഇലാമാപ്പഴത്തിന്റെ കുരു സേവിച്ച രഘുരാമൻ മരിച്ചില്ലെന്നു മാത്രമല്ല, നഷ്ടപ്പെട്ട കാഴ്ചയും തിരിച്ചു കിട്ടി.
ആ സംഭവത്തോടെ ഒരു രാജ്യം മുഴുവൻ അന്ധകാരത്തിൽ നിന്നും കാഴ്ചയിലേക്ക് തിരികെ വരുന്നു.
ജനനത്തിലെ ഇലാമാ പ്പഴം കഴിച്ച് കണ്ണിന്റെ കാഴ്ച്ച പോയ ഒരു പറ്റം ജനതയെ ആണ് നമ്മൾ ഇവിടെ കണ്ടത്.
കാഴ്ച തിരികെ നൽകുന്ന കുരു വിഷം എന്ന് പറഞ്ഞു ദൂരെ എറിയുന്നു.
ഒരാൾക്കു പോലും കാഴ്ച്ച ഇല്ലാത്ത ഒരു ജനത. പുറം ലോകത്തു കാഴ്ച ഉണ്ടെന്ന് പറഞ്ഞവനെ വധ ശിക്ഷയ്ക്കു വിധിക്കുക.
ഇനിയൊന്ന് ചുറ്റിനും നോക്കൂ. എത്ര തരം ഇലാമാ പഴങ്ങളാണ് നാം ചെറുപ്പം മുതൽ കഴിച്ചിരിക്കുന്നത്?
കുരു വലിച്ചെറിയാൻ ഇല്ലാത്ത ഇലാമാ പഴങ്ങൾ.
1) മതവിശ്വാസം എന്ന ഇലാമാപ്പഴം
ജനിച്ചു വീഴുമ്പോളേ മതവിശ്വാസത്തിന്റെ ഇലാമാപ്പഴച്ചാറ് ഏറ്റവും കൂടിയ ഡോസിൽ തന്നെ ഒഴിച്ചു തുടങ്ങും.
അതോടെ തന്റെ വിശ്വാസ പ്രമാണങ്ങൾ മാത്രമാണ് ശരിയെന്നും, പുറത്തുള്ളതെല്ലാം യാഥാർഥ്യമല്ല എന്നും വിശ്വസിക്കാൻ തുടങ്ങുകയായി. മത പ്രമാണങ്ങളിൽ വിശ്വസിക്കാത്തവർ സാത്താന്റെ സന്തതിയാകും.
പിന്നെ ഒറ്റപെടുത്തലുകൾ ആയി, സമൂഹത്തിൽ നിന്നും പുറത്താക്കലായി. ആഗ്രഹ സാധ്യ ങ്ങൾക്കായി പൂജകൾ ആയി, വഴിപാടുകളായി വിശ്വാസം അരക്കിട്ടുറപ്പിച്ചു കൊണ്ടിരിക്കും.
ചുറ്റുപാടുമുള്ള പേടിപ്പെടുത്തലുകൾ വിശ്വാസം വീണ്ടും ഊട്ടി ഉറപ്പിക്കും. കല്യാണം, മരണം ഇവയൊക്കെ മതത്തിന്റെ ചട്ടക്കൂട്ടിൽ ശക്തമായി ഒതുക്കി നിർത്തിയിരിക്കുന്നതിനാൽ, ഇനി കുരു കഴിച്ചു തിരികെ കാഴ്ച ശക്തി നേടാമെന്ന് വച്ചാലും രക്ഷ ഇല്ല.
2) അന്ധ വിശ്വാസം എന്ന ഇലാമാപ്പഴം
വിശ്വാസികൾ മുതൽ വിപ്ലവ വീര്യം ഉള്ളവർ വരെ അന്ധവിശ്വാസത്തിന്റെ ഇലാമാപ്പഴം സേവിക്കുന്നവർ ആണ്.
പലപ്പോഴും തെറ്റായ ശാസ്ത്ര സത്തകൾ കൂടി കൂട്ടിക്കുഴച്ചാണ് ഇതിന്റെ സേവ.
ഇതിൽ നിന്നും രക്ഷപെടാൻ അവിശ്വാസികൾക്കും പലപ്പോളും പറ്റാറില്ല.
രാഹു, കേതു, മുഹൂർത്തം എന്നു വേണ്ട നൂറു രൂപയ്ക്കു പകരം നൂറ്റൊന്നു രൂപ കൊടുത്ത് അന്ധ വിശ്വാസങ്ങൾ അരക്കിട്ടുറപ്പിച്ചു കൊള്ളും.
KSRTC ബസ് നിരത്തിൽ ഇറക്കുമ്പോൾ പൂജ, റോക്കറ്റു വിടുമ്പോൾ പൂജ (അതും ശാസ്ത്രജ്ഞന്മാർ ), ഭൂമി പൂജ, വെഞ്ചരിപ്പ് ഇങ്ങനെ അന്ധവിശ്വാസത്തിന്റെ ഇലാമാപ്പഴം സേവിക്കുന്നത് സർക്കാർ സ്ഥാപനങ്ങളിൽ വരെ എത്തി നിൽക്കുന്നു.
ഇത് കുരു ഇല്ലാത്ത ഇലാമാപ്പഴമാണ്.
3) ഭയം എന്ന ഇലാമാപ്പഴം
ശിശു ആയിരിക്കുമ്പോൾ ആഹാരം കൊടുക്കുമ്പോൾ പോലും 'കഴിച്ചില്ലേൽ ഭൂതം പിടിക്കും', കടുവേ കൊണ്ട് കടിപ്പിക്കും, പുലിക്കൂട്ടിൽ ഏറിയും എന്നൊക്കെ പറഞ്ഞു ഭയത്തിന്റെ ചാറ് മനസ്സിൽ കലർത്തിയാണ് തുടക്കം.
പിന്നെ അനുസരണയോടെ ജീവിക്കാൻ ഭൂത, പ്രേത, പിശാചുക്കളുടെ കഥകൾ. പഠിപ്പിക്കുവാനായിയുള്ള ഭയപ്പെടുത്തലുകൾ വേറെ.
4) ബഹുമാനം എന്ന ഇലാമാപ്പഴം
ഏറ്റവും വിഷമുള്ള ഇലാമാപ്പഴം ഇതാണ്. ഇതും പതിൻ മടങ്ങ് ഡോസിലാണ് സേവിപ്പിക്കുന്നത്. പ്രതികരിക്കാൻ പഠിപ്പിക്കാതെ ബഹുമാനിക്കാൻ പഠിപ്പിച്ചു, പഠിപ്പിച്ചു പ്രതികരണ ശേഷി പൂർണ്ണമായും ഇല്ലാതാക്കും.
ബഹുമാനം കാരണം നേരെ നിന്ന് വേണ്ട രീതിയിൽ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ ആക്കും.
ബഹുമാനവും, അമിത വിശ്വാസവും കൂടി കൂട്ടിക്കുഴച്ചു കൊടുത്ത്, പൂജാരിയും, അച്ചനും ഒക്കെ ദേഹത്ത് കൈ വച്ചാൽ പോലും പ്രതികരിക്കാനാവാത്ത അവസ്ഥ വരും. കൂടെ 'ദൈവ കോപം' ഉണ്ടാകുമോ എന്ന പേടിയും. Respect എന്നാൽ 'പരിഗണന' എന്നും അർത്ഥമുണ്ട്, അതാണ് അനുയോജ്യവും.
ആരെയും ബഹുമാനിക്കണ്ട, അവസരോചിതമായി മാന്യമായി പെരുമാറാനാണ് പഠിപ്പിക്കേണ്ടത്.
അല്ലെങ്കിൽ പെരുമാറി കാണിക്കുക. ഒരിക്കൽ ഒരു സുഹൃത്ത് TV കണ്ട്, ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ, ശ്രദ്ധിക്കാതെ കുറച്ചു ചായ താഴെ വീണു.
ഇതു കണ്ട മകൻ പറഞ്ഞു
"ഡാഡി, അത് തുടച്ചു കളഞ്ഞിട്ട് ഇരുന്നാൽ മതി".
അദ്ദേഹത്തിനു ദേഷ്യമായി ഇങ്ങനെ പറഞ്ഞു
"നിനക്ക് ഒരു ബഹുമാനവും ഇല്ല. ഞാനൊന്നും എന്റെ അച്ഛനോട് ബഹുമാനം കൊണ്ട് ഇങ്ങനെ സംസാരിക്കില്ലായിരുന്നു".
മകൻ തൊഴുതു എന്നിട്ട് പറഞ്ഞു
"ഇതാ, എന്റെ ബഹുമാനം, ഇനി അത് തുടയ്ക്കൂ"
എന്ന്. ഇവിടെ ആരാണ് ശരി അച്ഛനോ, മകനോ?
മകൻ തന്നെ. അല്ലേ? പ്രായത്തെയും, പദവികളെയും അല്ല. ശരികളെ അനുസരിക്കാനും, ബഹുമാനിക്കാനും പഠിപ്പിക്കണം. ശരികൾ ചെയ്തു കാണിച്ചു കൊടുക്കണം.
അതേ ..... സമയമായി...... ഇലാമപ്പഴം കഴിച്ചുള്ള അന്ധകാരത്തിൽ നിന്നും പുറത്തു വരാൻ .....
ബഹുമാനം കൊണ്ട്, കുനിയാതെ, അഭിമാനം കൊണ്ട് നിവർന്നു നിൽക്കൂ,
No പറയേണ്ട സ്ഥലത്തു ഉറക്കെ NO പറയാൻ പഠിക്കൂ....പഠിപ്പിക്കൂ.
എന്റെ അനുവാദമില്ലാതെ ശരീരത്തു തൊടരുത് എന്ന് ഉറക്കെ പറയൂ...
ശരികളുടെ കൂടെ നില്ക്കാൻ പഠിക്കൂ.
നമ്മൾ ഉണ്ടാക്കിയ ചട്ടക്കൂടുകൾക്ക് പുറത്ത് മനോഹരമായ ഒരു ലോകമുണ്ട്. ……….കാടുണ്ട്, പുഴകളുണ്ട്, പക്ഷികളുണ്ട്, നല്ല മനുഷ്യരുണ്ട്, പിന്നെ സ്വാതന്ത്ര്യം ഉണ്ട്...
അന്ധത മാറാനുള്ള ഇലാമാപ്പഴത്തിന്റെ കുരുവിനായുള്ള അന്വേഷണം തുടങ്ങിക്കൊള്ളൂ. 
പ്ലാസ്റ്റിക് അരി പോലെ മറ്റൊരു കഥയാണ് , ആപ്പിളിന് പുറത്തെ മെഴുക്. ആപ്പിളിന്റെ പുറത്തു മെഴുകു പുരട്ടുന്നത് അത് ചീത്ത ആവാതിരിക്കാനാണ്, ഭക്ഷണയോഗ്യമായ മെഴുകു ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇതു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല. എന്നുവച്ചു മെഴുകു വെറുതെ എടുത്തു കഴിക്കണ്ട , വയര്‍ ഇളകും.